തൃശ്ശൂർ: ബിജെപിയുടെ മുതിർന്ന നേതാക്കൾ കൊടകര കുഴൽപ്പണ കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്ന വിവരം ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു.
കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറിൽനിന്ന് മൂന്നരക്കോടി കവർന്ന സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിക്കും ആണ് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താൻ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്.
ബി.ജെ.പി.യുടെ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കൾക്ക് നോട്ടീസ് അയച്ചത്.