ലക്നൗ: കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന 11 അംഗ സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് കിഡ്‌നാപ്പിംഗ് സംഘം അറസ്റ്റിലായത്. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ മറിച്ചു വില്‍ക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 12ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 15 ദിവസം മാത്രം പ്രായമായ മകനെ തട്ടിയെടുത്തുവെന്ന് മാതാവ് ഫാത്തിമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫാത്തിമയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 11 അംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. ഒരു ഡസനോളം കുട്ടികളെ ഇവര്‍ മോഷ്ടിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.