മീററ്റ്: ഇനിയെങ്കിലും ഇത്തരം കാലാഹരണപ്പെട്ട വിമാനങ്ങൾ പിൻവലിക്കണം. ഞാൻ കേന്ദ്ര സർക്കാരിനോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു’. കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്ന് മരിച്ച പൈലറ്റ് അഭിനവ് ചൗധരിയുടെ പിതാവ് സതേന്ദ്ര ചൗധരിയുടെ വാക്കുകളാണിവ.
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു’ കോപത്തോടെയും അസ്വസ്ഥതയോടെയും കർഷകനായ സതേന്ദ്ര ചൗധരി പറഞ്ഞു.’ കാലഹരണപ്പെട്ട വിമാനങ്ങൾ സർക്കാർ പിൻവലിക്കണം. മറ്റുള്ളവരുടെ ജീവൻകൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിർത്താൻ ഞാൻ സർക്കാരിനോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു’അദ്ദേഹം പറഞ്ഞു. അഭിനവിന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യ സോണിക ചൗധരിക്കുമൊപ്പമാണ് സതേന്ദ്ര ചൗധരി ഇങ്ങനെ പറഞ്ഞത്.
2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയിൽ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാൽ കൊറോണ കാരണം അതിന് സാധിച്ചില്ല. പഞ്ചാബിലെ മൊഗാ മേഖലയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് തകർന്നത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങൾ മാത്രം തകരുന്നത് എന്തുകൊണ്ടൈന്നും അഭിനവിന്റെ ബന്ധുവും കർണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. സ്ക്വാഡ്രൺ ലീഡർ അഭിനവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.