‘മുതലകള്‍ നിഷ്‌കളങ്കരാണ്’- ബ്ലാക് ഫംഗസിനെ തോല്‍പ്പിക്കാന്‍ പാത്രം കൊട്ടാന്‍ പറയും; മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇനിയും കഴിയുന്നില്ലെന്ന് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുതലകള്‍ നിഷ്‌കളങ്കരാണ് എന്ന ട്വീറ്റോടെയാണ് രാഹുല്‍ ഇത്തവണ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

കൊറോണ ബാധിച്ച് മരിച്ചവര്‍ക്ക് ആദാരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ വികാരധീനനായ മോദി മുതലകണ്ണീരാണ് ഒഴുക്കിയതെന്ന പരിഹാസങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ഇതേ അര്‍ത്ഥത്തില്‍ രാഹുലിൻ്റെയും ട്വീറ്റ്.

രാജ്യത്ത് കൊറോണ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്ന് ഓരോ സംഭവങ്ങളും ചൂണ്ടികാട്ടി രാഹുല്‍ പറയുന്നു. വാക്‌സിന്‍ ക്ഷാമവും , കൊറോണ മരണ നിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ക്ഷാമവും രാഹുല്‍ തന്റെ ട്വീറ്റിലൂടെ എടുത്ത് കാണിക്കുന്നുണ്ട്.

ഇന്ത്യയില്‍ മാത്രം കൊറോണ ബാധയെ തുടര്‍ന്ന് ബ്ലാക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതില്‍ രാഹുല്‍ ആശങ്ക പ്രകടമാക്കി. ബ്ലാക് ഫംഗസിനെ തുരത്താനും ഇനി പാത്രം കൊട്ടാന്‍ പറയുമെന്ന് മറ്റൊരു ട്വീറ്റിലും രാഹുല്‍ പരിഹസിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലുള്ള കുറവ് ഉത്തരവാദിതത്തിന്റെ കുറവാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയിലുള്ള പിന്നോക്കാവസ്ഥ കാണിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ ചാര്‍ട്ടും രാഹുല്‍ പങ്ക് വയ്ച്ചിട്ടുണ്ട്.

രാഹുലിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കാളായ ജയറാം രമേശും , പി ചിദംബരവും രംഗത്തെത്തി. ഇന്ത്യക്ക് ഇപ്പോള്‍ മുതലക്കണ്ണീരല്ല വാക്‌സിനാണ് ആവശ്യമെന്ന് ജയറാം രമേശും ട്വീറ്റ് ചെയ്തു.
രാജ്യത്തെ വാക്‌സിന്‍ വിതരണം മന്ദഗതിയിലായിരിക്കുന്നത് സാഹചര്യങ്ങളെ വീണ്ടും താറുമാറാക്കും എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തിട്ടുള്ളത്.