ബ്രസീലിയ: കൊറോണ രോഗവ്യാപനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ബ്രസീലിൽ മാനദണ്ഡങ്ങൾ ലംഘിച്ച പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് മേൽ പിഴ ചുമത്തി. ഒരു പൊതുപരിപാടിയിലാണ് പ്രസിഡന്റ് കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചത്. ബ്രസീൽ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവർണറാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത് .
കൂടാതെ ആരോഗ്യ വകുപ്പ് അധികൃതർ ബൊൽസൊനാരോയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവർണർ ഫ്‌ളാവിയോ ഡിനോ പറഞ്ഞു. തന്റെ സംസ്ഥാനത്ത് നൂറിലധികം പേർ ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കൽ നിർബന്ധമാണെന്നം അദ്ദേഹം ഓർമിപ്പിച്ചു.
നടപടിയിൽ ബൊൽസൊനാരോയ്ക്ക് അപ്പീൽ നൽകാൻ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത് ഒടുക്കേണ്ടി വരുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മാറഞ്ഞോ ഗവർണർ ഫ്‌ളാവിയോ ഡിനോയെ ബൊൽസൊനാരോ’ സേച്ഛാധിപതി’ എന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് ഫ്‌ളാവിയോ ഡിനോ. അതേ സമയം തീവ്ര വലതുപക്ഷ നേതാവായ ബൊൽസൊനാരോ കൊറോണ നിയന്ത്രണങ്ങളിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്.
അമേരിക്കക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. രോഗവ്യാപനത്തിൻ്റെ ആദ്യഘട്ടം മുതൽ ബ്രസീലിൽ സ്ഥിതി സങ്കീർണമാണ്.