ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സി നായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുക്കുന്നവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കതള്ളി കേന്ദ്രസർക്കാർ. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
കോവാക്‌സിന് ഒമ്പതു രാജ്യങ്ങൾ മാത്രമാണ് അംഗീകാരം നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചില മാദ്ധ്യമങ്ങൾ യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലും കോവാക്‌സിൻ ഇടം നേടിയിട്ടില്ല. വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശങ്ക ഉയർന്നത്.
അതേസമയം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എടുത്തവർക്ക് 130 രാജ്യങ്ങൾ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. കോവിഷീൽഡിനെക്കാൾ ഫലപ്രദമാണ് കോവാക്‌സിനെന്നാണ് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. പുതിയ വൈറസ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാനും കോവാക്‌സിനു കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.