മൂഴിയാർ: മൂഴിയാർ ഡാമിന് സമീപം ഉരുൾപൊട്ടൽ. മൂഴിയാർ വനത്തിനുള്ളിൽ ആറുമണിയോടെയാണ് ഉരുൾ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നു രാവിലെ രൂപപ്പെട്ട ന്യൂനമർദ്ദം നാളെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്. മെയ് 26ന് ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഒഡീഷ തീരങ്ങളിലൂടെ കടന്നുപോകും. ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ എത്തിച്ചേരുമെന്നാണ് പ്രവചനം. ഒഡീഷയിലെ 30 ജില്ലകളിൽ 14 ഇടത്തും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കിഴക്കൻ തീരങ്ങളായ ആന്ധ്രാ പ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്.