തൃശ്ശൂർ: ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. ട്രിപ്പിൾ ലോക് ഡൗണിലെ മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്കായി ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമാക്കി. ചൊവ്വാഴ്ച വരെ നിയന്ത്രണം തുടരും. മാർക്കറ്റുകൾ തുറക്കില്ല.
അതേസമയം മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കില്ലെന്ന് ജില്ലാ കളക്ടർ ബി ഗോപാലകൃഷ്ണൻ.അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും ഞായറാഴ്ച ജില്ലയിൽ പ്രവർത്തിക്കുക. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാണ് മലപ്പുറം. ഇന്ന് ഏറ്റവും കൂടുതൽ രോഗികളും ഇവിടെയാണ്. 3720 പേർക്കാണ് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ വ്യാപനം അതിരൂക്ഷിമായ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ ചെയർമാൻകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഗ്രാമ പ്രദേശങ്ങളിലും നാളെ മുതൽ വ്യാപക പരിശോധന നടത്താനാണ് നിർദ്ദേശം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ സർക്കാർ പിൻവലിച്ചിരുന്നു.