കാഠ്മണ്ഡു: നേപ്പളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കമിട്ട് പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ബിന്ദ്യാദേബി ബന്ദാരി ശനിയാഴ്ച്ചയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇടക്കാല പ്രധാനമന്ത്രിയായ കെ പി ശർമ്മ ഓലിക്കും പ്രതിപക്ഷ നേതാവ് ഷേർ ബഹദൂർ ദുബേയ്ക്കും സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഇല്ലെന്ന് പ്രസിഡന്റ് അറിയിച്ചു.
ഭൂരിപക്ഷം തെളിയിക്കാൻ ഇരുവർക്കും വെള്ളിയാഴ്ച്ച വരെയാണ് പ്രസിഡന്റ് നല്കിയ സമയപരിധി. ജനപ്രതിനിധി സഭ പിരിച്ചുവിട്ടതായും രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റ് ഉത്തരവിട്ടതായും പ്രസിഡന്റ് അറിയിക്കുകയായിരുന്നു. നവംബർ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പും നവംബർ 19ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പും നടത്തുമെന്നും പ്രസിഡന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ ഇതു സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ശർമ്മ ഓലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡിസംബറിലാണ് പാർലമെന്റ് പിരിച്ചുവിട്ടത്. ഇതേ തുടർന്ന് ശക്തമായ പ്രക്ഷോഭങ്ങളാണ് നേപ്പാളിലുണ്ടായത്. തുടർന്ന് ഫെബ്രുവരിയിൽ സുപ്രിംകോടതി തീരുമാനം റദ്ദാക്കുകയായിരുന്നു