സ്വയം ചികിത്സ അപകടകരം; പാരസെറ്റമോള്‍ കൊണ്ട് മാത്രം കൊറോണയെ കീഴടക്കാനാവില്ല ; താക്കീതായി മരണത്തിന് മുമ്പുള്ള യുവാവിന്റെ സന്ദേശം

തൃശൂര്‍ : കൊറോണ വൈറസ് ബാധയേറ്റവര്‍ സ്വയംചികിത്സ നടത്തരുതെന്ന് മരിക്കുന്നതിന് മുമ്പുള്ള യുവാവിന്റെ സന്ദേശം താക്കീതായി മാറുന്നു. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി കണ്ണന്റെ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്.

മരണത്തിന് മുമ്പ് കണ്ണന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തിലാണ് വൈറസ് ബാധയേറ്റവര്‍ പാരസെറ്റമോള്‍ മാത്രം കഴിച്ച് കൊറോണയെ പിടിച്ച് കെട്ടാന്‍ ശ്രമിക്കരുതെന്ന് പറയുന്നത്. ആരും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്നും കണ്ണന്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്ന കണ്ണന് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ കാര്യമായ ചികിത്സ നടത്താതിരുന്നതോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. പനി കുറയാതെ വന്നതോടെയാണ് കണ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു. തുടര്‍ന്ന് ആരോഗ്യനില വീണ്ടും വഷളായതോടെയായിരുന്നു മരണം സംഭവിച്ചത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കണ്ണന്‍ ആരും സ്വയം ചികിത്സ നടത്തരുതെന്ന് അറിയിച്ച് സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ചത്. കൊറോണയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഉടനെ പരിശോധന നടത്തുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും വേണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കൊറോണയെ പിടിച്ചു കെട്ടാന്‍ നോക്കരുതെന്നായിരുന്നു കണ്ണന്റെ സന്ദേശം.