ന്യൂഡെൽഹി: കൊറോണ വാക്സിനേഷൻറെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. ഷേഖർ പരിയാർ, അശോക് സിംഗ് എന്നീ യുവാക്കളെയാണ് ഡെൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തത്. വാക്സിൻ സ്ലോട്ടുകൾ വാഗ്ദാനം ചെയ്താണ് വ്യാജ സൈറ്റ് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകൾ ഇവരുടെ തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട്.
സർക്കാരിൻ്റെ ഔദ്യോഗിക വാക്സിൻ രജിസിട്രേഷൻ പോർട്ടലായ കോവിന്നിന് (CoWin portal) സമാനമായ സൈറ്റാണ് തട്ടിപ്പുകാർ സൃഷ്ടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. യഥാർത്ഥ പോർട്ടലിൽ ഉപയോഗിച്ചിരുന്ന അതേ നിറങ്ങളും ഡോക്യുമെൻറ്സും സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങളും ലിങ്കുകളും അടക്കം എല്ലാം വ്യാജ സൈറ്റിലും ഉൾപ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തിൽ യാതൊരു സംശയവും തോന്നാത്ത തരത്തിൽ സൈറ്റുണ്ടാക്കിയാണ് ഇവർ ആളുകളെ തട്ടിപ്പിനിരയാക്കിയത്.
4,000 മുതൽ 6,000 വരെ രൂപയ്ക്കാണ് പ്രതികൾ വാക്സിൻ സ്ലോട്ടുകൾ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്. പരിയാറിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 40 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈറ്റിനെക്കുറിച്ച് സംശയം തോന്നാത്ത ആളുകളെയാണ് ഇവർ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാജ കൊറോണ വാക്സിനേഷൻ വെബ്സൈറ്റ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ആരംഭിച്ചത്. ആദ്യം തന്നെ സൈറ്റ് ബ്ലോക്ക് ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. ‘സിലിഗുരിയിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. അവിടെ നിന്നാണ് പരിയാറിനെ കസ്റ്റഡിയിലെടുക്കുന്നത്. വ്യാജ സൈറ്റ് വഴി രാജ്യത്തെ വിവിധയിടങ്ങളിലെ ആളുകളെ പറ്റിച്ചു വരികയായിരുന്നു ഇവർ. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നാൽപ്പത് ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്താമായി’ സൈബർ സെൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മഹാമാരി കാലത്ത് വ്യാജ വെബ്സൈറ്റുകൾ അടക്കം സൃഷ്ടിച്ച് തട്ടിപ്പ് നടത്തി വരുന്ന ഒരു സൈബർ സംഘത്തിനൊപ്പമാണ് അറസ്റ്റിലായ പരിയാർ പ്രവർത്തിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൂട്ടാളിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിൽ നിന്നാണ് അശോക് സിംഗ് അറസ്റ്റിലാകുന്നത്.
ഇതുവരെ അഞ്ച് വ്യാജ കൊറോണ വാക്സിനേഷൻ സൈറ്റുകളെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഡെൽഹി പൊലീസ് പറയുന്നത്. ഇത്തരംവെബ്‌സൈറ്റുകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വ്യാജ സൈറ്റുകളിൽ കയറി വഞ്ചിതരാകാതെ ഔദ്യോഗിക സംവിധാനങ്ങൾ തന്നെ തിരഞ്ഞെടുക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.