ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ 24 മുതൽ ഒരാഴ്ചത്തേക്ക് നീട്ടി. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി 9 വരെ കടകൾ പ്രവർത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. എടിഎമ്മുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും. കാർഷിക ആവശ്യങ്ങൾക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാൽ, പത്രം പോലുള്ള അവശ്യ സർവീസുകളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ, മെയ് പത്തുമുതൽ 24 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. കൊറോണ വ്യാപനത്തിന് ശമനം വന്നിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടിയത്. മൂന്നാഴ്ചത്തേക്ക് സമ്പൂർണ അടച്ചിടൽ വേണമെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ നിർദേശം.