ദീദി ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല; ദീദി എന്നോട് ക്ഷമിക്കണം ; ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് മടങ്ങിയെത്താൻ മമതയ്ക്ക് കത്തെഴുതി സോണാലി

കൊൽക്കത്ത: തൃണമുൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ മുൻ എംഎൽഎ സോണാലി ഗുഹയ്ക്ക് മനംമാറ്റം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സോണാലി കത്തെഴുതി. പാർട്ടി വിട്ടതിൽ മാപ്പ് ചോദിച്ച സോണാലി തൃണമുൽ കോൺഗ്രസിലേക്ക് തിരികെ എടുക്കണമെന്നും കത്തിൽ അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

തകർന്ന ഹൃദയത്തോടെയാണ് ഈ കത്തെഴുതുന്നതെന്നും സോണാലി പറയുന്നു. വെള്ളത്തിലല്ലാതെ മീനുകൾക്ക് ജീവിക്കാനാകില്ല. ദീദി ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ദീദി എന്നോട് ക്ഷമിക്കണം, ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാനാകില്ല. എന്നെ തിരികെ വരാൻ അനുവദിക്കണം, ബാക്കിയുള്ള ജീവിതം അവിടെ തുടരണമെന്നും ബംഗാളിയിൽ എഴുതിയ കത്തിൽ സോണാലി ഗുഹ പറയുന്നു.

വൈകാരികമായ തീരുമാനത്തെ തുടർന്ന് മറ്റൊരു പാർട്ടിയിൽ ചേർന്നത് തെറ്റായിരുവെന്നും കത്തിൽ പറയുന്നു. മമതയ്‌ക്കെതിഴ കത്ത് ഗുഹ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

നാല് തവണ എംഎൽഎ യും മമതയുടെ നിഴലായി പരിഗണിച്ചിരുന്ന സോണാലി ഗുഹ ഉൾപ്പെടെ തൃണമുൽ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് ചേർ‌ന്നത്. ടിഎംസിയുടെ സ്ഥാനാർത്ഥികളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ടിവി ചാനലുകളിൽ വൈകാരികമായി പ്രതികരിക്കുകയും പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയുമായിരുന്നു.