ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക്​ പോകാനുള്ള ഏണികളുണ്ട്​; അത് ഇല്ലാതാക്കുക പ്രതിപക്ഷ ധർമമെന്ന് വി ഡി സതീശന്‍

കൊച്ചി: ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക്​ പോകാനുള്ള ചില ഏണികളുണ്ട്​. അത്​ ഇല്ലാതാക്കുകയാണ്​ പ്രതിപക്ഷത്തിന്‍റെ ധർമമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. പദവി പുഷ്പ കിരീടമല്ലെന്ന് ബോധ്യമുണ്ടെന്ന് പുതിയ പദവിയിലേക്കെത്തുമ്പേള്‍ ഉള്ള വെല്ലുവിളികള്‍ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

മഹാമാരികാലത്ത്​ സർക്കാരിനൊപ്പം നിന്ന്​ പ്രതിപക്ഷം പ്രവർത്തിക്കണമെന്നാണ്​ ജനം ആഗ്രഹിക്കുന്നത്​. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരും. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമായിരിക്കാന്‍ പ്രയത്‌നിക്കുമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള പ്രതിപക്ഷമായിരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വി ഡി സതീശന്‍ എന്തൊക്കെ വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അറിയിച്ചു.

തലമുറമാറ്റം എല്ലാ മേഖലയിലും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗീയതയെ കുഴിച്ചുമൂടുക എന്നതിനാണ് പ്രഥമ പരിഗണന. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മാത്രമായി കാണുന്നില്ലെന്നും വി ഡി സതീന്‍ പറഞ്ഞു.

എല്ലാവെല്ലുവിളികളും മുന്നിലുണ്ടെന്ന ബോധ്യത്തോടെ , കേരളത്തിലെ കോണ്‍ഗ്രസിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടപ്പിച്ചു.

മുമ്പ്​ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ്​ ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം മോശമായിരുന്നില്ല. കോൺ​ഗ്രസിന്​ അടിത്തറയുണ്ടാക്കുന്നതിൽ കെ. കരുണാകരൻ എ.കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ്​ ചെന്നിത്തല എന്നിവർക്ക്​ വലിയ പങ്കുണ്ടെന്നും സതീശൻ പറഞ്ഞു.