ന്യൂഡെൽഹി: ഡിഎൽഎഫ് കൈക്കൂലി കേസിൽ മുൻ റെയിൽവേ മന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലു പ്രസാദ് യാദവിന് സിബിഐയുടെ ക്ലീൻ ചിറ്റ്. 2018 ജനുവരിയിലാണ് റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഡിഎൽഎഫ് ഗ്രൂപ്പിനും ലാലു പ്രസാദ് യാദവിനുമെതിരെ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
മുംബൈയിലെ ബാന്ദ്രയിൽ റെയിൽവേ ഭൂമി പാട്ട പദ്ധതിയുടെയും, ന്യൂഡെൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നവീകരണവുമായും ബന്ധപ്പെട്ട് ഡിഎൽഎഫ് ഗ്രൂപ്പ് ലാലു പ്രസാദ് യാദവിന് കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി ലാലു എന്നിവർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷവും ലാലു പ്രസാദിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും, അതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പും കേസിൽ പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് വർഷത്തെ ജയിലിൽവാസത്തിന് ശേഷം കഴിഞ്ഞമാസമാണ് അദ്ദേഹം ജാമ്യത്തിലിറങ്ങിയത്.