ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്‌ഢിത്തവും അലോപ്പതി പരാജയപ്പെട്ട ചികിത്സാരീതിയുമെന്ന ബാബ രാംദേവിന്റെ പരാമർശം; പകര്‍ച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് ഐഎം‌എ

ന്യൂഡെല്‍ഹി: ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന് പരിഹാസവുമായി യോഗാചാര്യന്‍ ബാബ രാംദേവ്. സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ ഇക്കാര്യം സൂചിപ്പിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ‌എം‌എ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി.

ഒന്നുകില്‍ രാംദേവ് പറയുന്ന അപവാദം കേട്ട് ആധുനിക മെഡിക്കല്‍ രംഗത്തെ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ പകര്‍ച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

മുന്‍പും ഇദ്ദേഹത്തിന്റെ ‘അത്ഭുത മരുന്നുകള്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ അലോപ്പതി ഡോക്‌ടര്‍മാരെ രാംദേവ് കൊലപാതകികള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും ഇദ്ദേഹവും സുഹൃത്തായ ബാലകൃഷ്‌ണയും ആധുനിക ചികിത്സ സ്വീകരിക്കാറുണ്ടെന്നത് വസ്‌തുതയാണെന്നും ഐ‌എം‌എ പറയുന്നു.

രാംദേവ് നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലെന്നും ഇവ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും രാംദേവിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.