തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമവായത്തിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലും അതിൽ നേരിട്ട് ഗവൺമെന്റോ കമ്മ്യൂണിസ്റ്റ് പാർട്ടിയൊ ഇടപെട്ടിട്ടില്ല. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്. എല്ലാ വിശ്വാസ പ്രമാണങ്ങളെയും തച്ചുതകർത്ത് അതിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നും അദ്ദേഹം പറഞ്ഞു.
കാണിക്ക വഞ്ചിയിൽ നിന്നോ ഭണ്ഡാരത്തിൽ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോർഡുകളുടെ നിലനിൽപ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാൻ കഴിയണം. എക്കാലത്തും സർക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോർഡുകൾക്ക് നിലനിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണൻ വ്യക്തമാക്കി.