ഫ്ലോറിഡ : കാറിലെത്തി കത്തികാട്ടി തട്ടിക്കൊട്ടുപോകാൻ ശ്രമിച്ച അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് പതിനൊന്നുകാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. രാവിലെ സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്നു അലിസ്സയെന്ന പതിനൊന്നുകാരി.
അവിടേയ്ക്ക് കാറിലെത്തിയ 30 കാരനായ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ‘കത്തി പിടിച്ച് വാഹനത്തിൽ നിന്നിറങ്ങിയ ആ മനുഷ്യൻ എന്റെ അടുത്തേക്ക് വന്നു, ഞാൻ ഓടാൻ ശ്രമിച്ചു, പക്ഷേ അയാൾ എന്നെ പിടിച്ചു,‘ – അലിസ്സ പറഞ്ഞു.
പെൺകുട്ടിയെ അയാൾ പൊക്കി എടുത്തെങ്കിലും ചവിട്ടിയും കുടഞ്ഞെറിഞ്ഞും രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി. തുടർന്ന് പെൺകുട്ടിയെ കീഴ്പ്പെടുത്താനാകില്ലെന്ന് മനസിലാക്കിയ അക്രമി ഓടി കാറിൽ കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും അലിസ്സയും ഓടി രക്ഷപ്പെട്ടിരുന്നു.
സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അക്രമിയായ 30 കാരൻ ജാരേദ് പോളിനെ അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റങ്ങളടക്കമുള്ള കേസുകളിൽ നേരത്തെ പ്രതിയാണ് പിടിയിലായ ജാരേദ്.
രണ്ടാഴ്ച മുൻപും ഇതേ കാറിൽ വന്നവർ തന്നെ സമീപിച്ചതായും, ഡ്രൈവർ അവളോട് സംസാരിക്കാൻ ശ്രമിച്ചതായും അലിസ്സ പോലീസിനോട് പറഞ്ഞു. അന്ന് പ്രതിയെ പിടികൂടാനായിരുന്നില്ല. അതിനു ശേഷം മാതാവിനൊപ്പമാണ് കുട്ടി സ്കൂളിലേക്ക് പോകാനായി എത്തിയിരുന്നത്. മാതാവില്ലാതെ ആദ്യമായി സ്കൂൾ ബസ് കയറാൻ പെൺകുട്ടി എത്തിയ ദിവസമാണ് വീണ്ടും അക്രമമുണ്ടായത്.