ന്യൂഡെല്‍ഹി: വ്യാജരേഖകള്‍ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടേതുമടക്കമുള്ള നേതാക്കളുടെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കോണ്‍ഗ്രസ്. ടൂള്‍കിറ്റ് വിവാദത്തിൽ ഇവർ വ്യാജരേഖകള്‍ ട്വീറ്റ് ചെയ്തെന്നാണ് ആക്ഷേപം. നേരത്തെ സംഭവത്തില്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, വക്താവ് സംപിത് പത്ര എന്നിവരുടെ അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്വിറ്ററിനോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്നും ആളുകളെ തെറ്റായ വിവരങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റമാണെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ വിഭാഗം തലവന്‍ രോഹന് ഗുപ്ത പറഞ്ഞു.
സംഭവത്തില്‍ ട്വിറ്റര്‍ സ്വതന്ത്രവും വിശദവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗവേഷക വിഭാഗത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും രോഹന് കൂട്ടിച്ചേര്‍ത്തു.