കൊൽക്കത്ത: നാരദാ കൈക്കൂലി കേസിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. കേസിൽ പ്രതികളായ രണ്ട് ക്യാബിനറ്റ് മന്ത്രിമാർക്കും രണ്ട് മുൻ മന്ത്രിമാർക്കും വീട്ടുതടങ്കൽ ശിക്ഷ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, മുൻ മന്ത്രിമാരായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കാൻ കോടതി ഉത്തരവിട്ടത്.
കേസിൽ വീട്ടുതടങ്കൽ ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഇവരുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ശ്രമിച്ചെങ്കിലും നടപ്പായില്ല. തിങ്കളാഴ്‌ചയാണ് ഇവർ നാലുപേരെയും സിബിഐ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് സിബിഐ ഓഫീസിൽ പാഞ്ഞെത്തിയ മുഖ്യമന്ത്രി ഇവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ധർണയിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഇവിടെ കനത്ത സംഘർഷവുമുണ്ടായി.
2014 ൽ വ്യവസായികളായി വേഷംമാറി എത്തിയ നാരദ ന്യൂസ് പോർടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു നാലുപേരെയും സിബിഐ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് നടപടിയിലേക്ക് കടന്നത് കേന്ദ്ര ഏജൻസിയും തൃണമൂലും തമ്മിൽ വലിയ പോരിൽ കലാശിച്ചു.
അസാധാരണ സാഹചര്യം കണക്കിലെടുത്ത് കേസ് ഇവിടെനിന്നും മാറ്റാൻ സിബിഐ ആലോചിച്ചിരുന്നു. പാർട്ടി അംഗങ്ങളുടെ കടുത്ത പ്രതിഷേധം കാരണം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിയുന്നില്ലെന്ന് കോടതിയിൽ സിബിഐ അറിയിച്ചിരുന്നു.
സംഭവത്തെ തുടർന്ന് പ്രത്യേക കോടതി തൃണമൂൽ നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. എന്നാൽ മണിക്കൂറുകൾക്കകം കൊൽക്കത്ത ഹൈക്കോടതി ജാമ്യ ഉത്തരവ് റദ്ദാക്കി. തുടർന്ന് നാല് നേതാക്കളെയും കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിലേക്ക് മാറ്റി. നേതാക്കളിൽ സോവൻ ചാറ്റർജി പിന്നീട് തൃണമൂലിൽ നിന്ന് ബിജെപിയിൽ ചേർന്നെങ്കിലും പിന്നീട് ഇവിടെ നിന്നും രാജിവച്ചു.