മുംബൈ: ബാർജ് കടലിൽ മുങ്ങി നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റനെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വലിയ അപടം വരുത്തിവെച്ചത് ബാർജ് ക്യാപ്റ്റന്റെ ശ്രദ്ധകുറവാണ് എന്ന് ചൂണ്ടികാണിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാർജ് കടലിൽ മുങ്ങി മൂന്ന് മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്.
ബാർജ് നഗരതീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെ ആയിരിക്കെയാണ് അപകടം സംഭവിച്ചത്. ഈ സമയം ജീവനക്കാരുൾപ്പെടെ ബാർജിൽ ആകെ 261 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ ക്യാപ്റ്റൻ മുഖവിലയ്ക്കെടുത്തില്ലെന്നും ടൗട്ടെ വീശാനിടയുള്ള ഭാഗത്തുകൂടെ സഞ്ചരിച്ചതായും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ചീഫ് എൻജിനീയർ പോലീസിന് മൊഴി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് ക്യാപ്റ്റനെതിരെ കേസ് എടുത്തത്. അതേസമയം അപകടത്തിൽപ്പെട്ട ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നേവിയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 186 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്.