സംസ്ഥാനത്ത് ലോക്ക് ഡൌൺ മെയ്‌ 30 വരെ നീട്ടി

തിരുവനന്തപുരം: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൌൺ മെയ്‌ 30 വരെ നീട്ടി. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൌൺ തുടരും. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.

ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.

അതേസമയം രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്ന് 29,673 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. എന്നാൽ മരണസംഖ്യ വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി.

129 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.