വണ്ടിപ്പെരിയാർ: പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി വനപാലകർ സ്ഥാപിച്ച കെണിയിൽ കുടുങ്ങി. കഴിഞ്ഞ മൂന്നു മാസമായി വണ്ടിപ്പെരിയാർ നെല്ലിമല, ഡൈമൂക്ക് ഭാഗത്ത് പുലി ഭീതി വിതച്ചിരുന്നു. ഇന്നലെ രാത്രി ആണ് പുലിയെ പിടിക്കുന്നതിന് നെല്ലിമല പുതുവൽ ഭാഗത്തു കൂട് സ്ഥാപിച്ചത്.
വണ്ടിപ്പെരിയാർ നെല്ലിമല പുതുവൽ ഭാഗത്ത് പുലിയിറങ്ങി ഇറങ്ങി വളർത്തു മൃഗങ്ങളെ അകത്താക്കിയിരുന്നു. മൂന്നു മാസത്തിനിടെ പ്രദേശത്തെ അഞ്ചു വളർത്തു മൃഗങ്ങളെയാണ് പുലി കൊണ്ടുപോയത്. മുൻപ് രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് കഴിഞ്ഞദിവസം നെല്ലിമല പുതുവൽ ഭാഗത്ത് പുലി ഇറങ്ങി വീണ്ടും വളർത്തു മൃഗത്തെ പിടിച്ചു. പിന്നീട് കുമിളി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലത്ത് കാമറ സ്ഥാപിച്ചു. മൂന്നു മാസമായി ഈ മേഖലയിൽ കാണുന്ന പുലി തന്നെയാണെന്ന് പ്രതി എന്ന് ഉറപ്പാക്കി.
തുടർന്ന് ഇന്നലെ രാത്രിയോടെ പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കുകയായിരുന്നു. ഇന്നു പുലർച്ചെ നാലോടെ പുലി കെണിയിൽ വീണു. കുമളി റേഞ്ച് ഓഫീസർ എസ്.എൽ.സുനിലാൽ, ഡോക്ടർ അനുരാജ്. എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മാസങ്ങളായി ഉറക്കം കെടുത്തിയ പുലിയെ പിടിച്ചതിൽ ആശ്വാസം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പുലിയെ പിന്നീട് തേക്കടി ഉൾവനത്തിൽ കൊണ്ടു വിട്ടു.