ന്യൂഡെൽഹി: ഇന്ത്യൻ ഷൂട്ടിങ് കോച്ചും ടെക്നിക്കൽ ഒഫീഷ്യലുമായ മൊണാലി (44) ഗോർഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കൊറോണ ബാധിച്ച് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് നെഗറ്റിവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
കണ്ണിനും മൂക്കിനും ഫംഗസ് ബാധിച്ച് ആരോഗ്യം വഷളായതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെയും(73) മരിച്ചു. പിസ്റ്റൾ പരിശീലകയായിരുന്നു മൊണാലി. ശ്രീലങ്കൻ ഷൂട്ടിങ് ടീമിന്റെ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ 7,250 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. 219 പേർ മരിച്ചതായുമാണ് കണക്കുകൾ. 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകൾ പ്രകാരമാണിത്. രോഗബാധ കൂടുതൽ മഹാരാഷ്ട്രയിലാണ് ഇവിടെ 1500 പേർക്കാണ് സ്ഥിരീകരിക്കപ്പെട്ടത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗബാധ കൂടുതൽ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിൽ ഗുജറാത്ത്: 1,163 കേസുകൾ കണ്ടെത്തി 61 പേർ മരിച്ചു. മധ്യപ്രദേശ്: 575 കേസുകളും 31 മരണങ്ങളും. ഹരിയാനയിൽ 268 കേസുകളിൽ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽഹി: 203 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്: 169 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബീഹാർ: 103 കേസുകളിൽ മ്യൂക്കോമൈക്കോസിസ് മൂലം 2 പേർ മരിച്ചു. ഛത്തീസ്ഗണ്ഡ്: 101 പേരിൽ രോഗം കണ്ടെത്തിയപ്പോൾ ഒരാൾ മരിച്ചു.കർണാടക: 97 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മരണം റിപോർട്ട് ചെയ്തിട്ടില്ല. തെലങ്കാനയിൽ 90 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്, 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നേരത്തേ രോഗം ബാധിച്ച് യുവതിയും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) യാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി രോഗം റിപ്പോർട്ടു ചെയ്തിരുന്നു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്ബൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്‌നാട് ഗൂഢല്ലൂർ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയിൽ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്പതു പേർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.