കൊറോണ വന്നിരുന്നോ; ശരീരത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റീബോഡി ഉണ്ടോ; ചുരുങ്ങിയ ചെലവിൽ അറിയാം; കിറ്റ് വികസിപ്പിച്ച് ഡിആർഡിഒ

ന്യൂഡൽഹി: മനുഷ്യ ശരീരത്തിൽ കൊറോണ ആന്റീബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ തദ്ദേശീയമായി വികസിപ്പിച്ച് ഡിഫൻസ് റിസർച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. ഡിആർഡിഒയുടെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് ലബോറട്ടറിയാണ് കിറ്റ് വികസിപ്പിച്ചത്.

ഡിആർഡിഒ യിലെയും ഡെൽഹി ആസ്ഥാനമായ വാൻഗാർഡ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെയും വിദഗ്ധരാണ് കിറ്റ് വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചത്. വെറും75 രൂപയാണ് ഒരു കിറ്റിന്റെ വില. ഒരാൾക്ക് മുൻപ് എപ്പോഴെങ്കിലും കൊറോണ ബാധിച്ചിട്ടുണ്ടോ എന്നടക്കം ഈ കിറ്റിലൂടെ അറിയാൻ കഴിയുമെന്ന് ഡിആർഡിഒ. പറഞ്ഞു.

ഒരാൾക്ക് മുമ്പ് കൊറോണ ബാധിച്ചിട്ടുണ്ടോ എന്നും അയാളുടെ ശരീരത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റീബോഡി ഉണ്ടോ എന്നും കണ്ടെത്താനുള്ള കിറ്റാണിത്.പ്ലാസ്മയിലെയും മേദസിലെയും ആന്റീബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്ന കിറ്റാണിത്. 75 മിനിട്ട് കൊണ്ട് പരിശോധന നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. മറ്റ് രോഗങ്ങൾ ഉള്ളവർക്കടക്കം ഒരു പ്രശ്നവും കൂടാതെ പരിശോധന നടത്താവുന്നതാണ്.

പതിനെട്ട് മാസമാണ് കിറ്റിന്റെ കാലാവധി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ.) കിറ്റിന് അംഗീകാരം നൽകിയിരുന്നു. കിറ്റ് ഉല്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യന്നതിനുമുള്ള അനുമതി മെയ് മാസത്തിൽ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ.), ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.), കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം എന്നിവ നൽകിയിരുന്നു.

ജൂൺ ആദ്യവാരം മുതൽ വാൻഗാർഡ് ഡയഗ്നോസ്റ്റിക്സ് കിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചു തുടങ്ങും. ആദ്യം 10000 ടെസ്റ്റുകൾ നടത്താൻ ആവശ്യമായ 100 കിറ്റുകൾ വിപണിയിലെത്തും. പ്രതിമാസം 500 കിറ്റുകൾ നിർമിക്കാനുള്ള ശേഷിയാണ് നിർമാതാക്കൾക്കുള്ളത്. ശരിയായ സമയത്ത് തന്നെ കിറ്റ് വികസിപ്പിച്ചതിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.