തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് കഴിഞ്ഞദിവസം കൊറോണ കേസുകൾ ഏകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തും. രാജ്യത്തെ പൊതുസ്ഥിതി ആശ്വസിക്കാവുന്ന നിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 2,8000ന് മുകളിൽ കേസുകളാണ്. മരണം 500ന് മുകളിലും.
മഹാരാഷ്ട്രയിൽ 29,000ന് മുകളിൽ കേസുകളും എണ്ണൂറിനടുത്ത് മരണവും റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു സ്ഥിതി ഉണ്ടാകാതിരിക്കാനാണ് കേരളം തുടക്കം മുതൽ ശ്രമിക്കുന്നത്. രോഗവ്യാപനത്തിൻ്റെ വേഗത കുറച്ചുനിർത്താൻ സാധിച്ചതിനാലാണ് മരണസംഖ്യ കുറഞ്ഞത്.മറ്റു സ്ഥലങ്ങളിൽ രോഗം കുത്തനെ കൂടുകയും പെട്ടെന്ന് തന്നെ കുറയുകയും ചെയ്യുമ്പോൾ കേരളത്തിൽ ആ പ്രക്രിയ സാവകാശമാണ് നടക്കുന്നത്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിദഗ്ധർ പറയുന്നത്.
മേയ് 12നായിരുന്നു രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 42,000ന് മുകളിലായിരുന്നു അന്ന് രോഗികൾ. എന്നാൽ, രോഗബാധ മൂർച്ഛിക്കുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ കൂടുന്നത്.ഇപ്പോൾ മരിച്ചവരിൽ ഭൂരിഭാഗം പേർക്കും രോഗബാധ ഉണ്ടായത് രണ്ട് മുതൽ ആറാഴ്ച മുമ്പായിരിക്കും. കൊറോണ ബാധിച്ചവരിൽ പലർക്കും രോഗം ശക്തമാവുകയും ഓക്സിജനും വെൻറിലേറ്ററുകളും കൂടുതൽ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യമാണ്. അതിനാൽ ആവശ്യത്തിന് വെൻറിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഐ.സി.യു എന്നിവ ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലാ കലക്ടർമാരോടും നിർദേശിച്ചിട്ടുണ്ട്.
നിർണായകമായ മൂന്ന് ആഴ്ചകളാണ് ഇനി വരാനുള്ളത്. കാലവർഷം കടന്നുവരാൻ പോവുകയാണ്. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഡെങ്കിപ്പനി ശക്തമാകാറുണ്ട്. 2017ലാണ് അവസാനമായിരോഗം വ്യാപകമായി ഉണ്ടായത്. ഈ വർഷം രോഗം കൂടുതലാകാൻ സാധ്യതയുണ്ട്. അതിനാൽ വരുന്ന എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കുമെന്നും അന്ന് ശുചീകരണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.