പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു. തെലുഗ് സിനിമ ഛായാഗ്രാഹകൻ ആയിരുന്ന അദ്ദേഹം നിരവധി പ്രശസ്തമായ മലയാള സിനിമകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ അദ്ദേഹത്തിന് കൊറോണ സ്ഥിരികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കവെ ഹൈദരാബാദിലായിരുന്നു അന്ത്യം. ഭാര്യയും മകനും മകളുമുണ്ട്.

തെലുങ്കിൽ നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹൻ ബാബു എന്നീ നായകരുടെ ചിത്രങ്ങളിലും മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രാഹകൻ ആയിരുന്നു. മലയാളം, തെലുങ്ക് സിനിമകളിൽ നൽകിയ സംഭാവനകൾക്ക് ജയറാമിന് നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജയറാംമായിരുന്നു ഛായാഗ്രാഹകൻ. മലയാളത്തിൽ 1921, ആവനാഴി, ദേവാസുരം, മൃഗയ എന്നീ സിനിമകളിൽ അദ്ദേഹം ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.