കൊറോണയ്ക്കൊപ്പം മരണം വിതച്ച് ബ്ലാക്ക്​ ഫംഗസ്; രോഗം കവർന്നത് ഏഴായിരത്തിലധികം ജീവനുകൾ; തടയാൻ മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിക്കണം

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗികളിൽ വ്യാപിക്കുന്ന ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’ തടയാൻ പ്രധാനമായും മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​ (എയിംസ്​) ഡയറക്​ടർ രൺദീപ്​ ഗുലേറിയ. ഡോക്​ടർമാരും രോഗികളും ഈ മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലാക്ക്​ ഫംഗസ്​ മരണം വിതയ്ക്കുന്നത്​ തടയാനാകുമെന്ന്​ അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധ തടയൽ, ചികിത്സ, ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങളും വന്നുകഴിഞ്ഞു.

രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ നിയന്ത്രിച്ചു നിർത്തുക, സ്​റ്റിറോയിഡ്​ ഉപയോഗിക്കേണ്ടി വരുന്നവർ രക്​തത്തിലെ ഷുഗറിന്റെ അളവ്​ ഇടവിട്ട്​ പരിശോധിക്കുകയും കണിശമായി നിയന്ത്രിക്കുകയും ചെയ്യുക, സ്​റ്റിറോയിഡ്​ എപ്പോൾ നൽകണം ഏത്​ അളവിൽ നൽകണം എന്നത്​ സംബന്ധിച്ച്‌​ അതിജാഗ്രത പുലർത്തുക എന്നീ മൂന്ന്​ കാര്യങ്ങൾ ബ്ലാക്ക്​ ഫംഗസിനെ തടയുന്നതിൽ വളരെ പ്രധാനമാണെന്ന്​ അദ്ദേഹം പറഞ്ഞു. കൊറോണ​ വ്യാപനത്തിന്​ ശേഷം രാജ്യത്ത്​ ഏഴായിരത്തിലധികം ആളുകളുടെ ജീവൻ ബ്ലാക്ക്​ ഫംഗസ്​ കവർന്നുവെന്നാണ്​ കണക്കാക്കുന്നത്​.

2002 ലെ സാർസ്​ വ്യാപന സമയത്തും ബ്ലാക്ക്​ ഫംഗസ്​ രോഗികളിൽ കണ്ടിരുന്നുവെന്ന്​ എയിംസ്​ ഡയറക്​ടർ പറഞ്ഞു
കൊറോണ​ രോഗികളിലെ അനിയന്ത്രിതമായ പ്രമേഹം ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുന്നുണ്ടെന്ന്​ രൺദീപ്​ ഗുലേറിയ ചൂണ്ടികാട്ടി. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ രോ​ഗം​ ഭേദമാകുന്ന ഘട്ടത്തിലാണ്​ ബ്ലാക്ക്​ ഫംഗസ്​ ബാധ കാണുന്നത്​.

കൊറോണയും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുന്നത്​ കേരളം പോലുള്ള സംസ്​ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്​. കേരള ജനസംഖ്യയിൽ നല്ലൊരു ശതമാനവും പ്രമേഹ ബാധിതരാണ്​. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ഗുലേരിയ മുന്നറിയിപ്പ് നൽകി.

ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാകും.

വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിൻ്റെ കണികകൾ വായുവിലുണ്ട്. സാധാരണയായി പൂപ്പലുകൾ തൊലിപ്പുറത്ത് നിറവ്യത്യാസം, പാടുകൾ, ചൊറിച്ചിൽ, അപൂർവ്വമായി ചുണ്ടിലും വായിലും നിറവ്യത്യാസം എന്നിവ ഉണ്ടാക്കും. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദമാകും. മ്യൂക്കർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസും നമുക്ക് ചുറ്റുമുള്ള ഒരു ഫംഗസാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ ഇതു ബാധിക്കുമ്പോൾ സ്ഥിതിഗതികൾ ഗുരുതരമാകുന്നു.

രോഗ സാധ്യത പ്രതിരോധശേഷി കുറഞ്ഞവർക്ക്

നിയന്ത്രിതമല്ലാത്ത പ്രമേഹം, ക്യാൻസർ, കീമോതെറാപ്പി ചികിത്സ, ദീർഘകാലമായി കൂടിയ അളവിൽ സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ജന്മനായുള്ള പ്രതിരോധശേഷിക്കുറവ്, എയ്ഡ്സ് രോഗബാധ എന്നീ അവസ്ഥകളിൽ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. കൊറോണ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറയ്ക്കും. ഏറെ നാൾ വെൻ്റിലേറ്ററിൽ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണ്.

ലക്ഷണങ്ങൾ

കൊറോണയെ തുടർന്ന് ഫംഗസ് രോഗബാധയുണ്ടാകുമ്പോൾ മുഖത്ത് തലയോട്ടിയിലെ മൂക്കിൻ്റെ അടുത്തുള്ള സൈസുകൾ അഥവാ അറകൾ, കണ്ണ്, തലച്ചോറ് ഇവയെ ക്രമാനുഗതമായി ബാധിക്കുന്നു. നീണ്ടു നിൽക്കുന്ന കടുത്ത തലവേദന, മുഖം വേദന, മൂക്കിൽ നിന്ന് സ്രവം / രക്തസ്രാവം, മുഖത്ത് നീര് വന്ന് വീർക്കുക, മൂക്കിൻ്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് കലർന്ന നിറവ്യത്യാസം, കണ്ണുകൾ തള്ളി വരിക, കാഴ്ച മങ്ങൽ, കാഴ്ച നഷ്ടം, ഇരട്ടയായി കാണുക എന്നിവയാണ് രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിച്ചാൽ ബോധക്ഷയം, അപസ്മാരം തുടങ്ങിയവ ഉണ്ടാകാം.

രോഗനിർണ്ണയം

സ്രവ പരിശോധനയോ ബയോപ്സി പരിശോധനയോ നടത്തി ഫംഗസിനെ കണ്ടെത്തുന്നു. സ്കാനിംഗ് നടത്തി രോഗബാധയുടെ തീവ്രത അറിയാം.

ചികിത്സ

ശക്തി കൂടിയ ദീർഘനാൾ കഴിക്കേണ്ട ആൻ്റിഫംഗൽ മരുന്നുകൾ കഴിക്കേണ്ടിവരും. രോഗബാധ മൂലം നശിച്ച് പോയ കോശങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

പ്രതിരോധം

ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. പ്രമേഹം നിയന്ത്രിച്ച് നിർത്തണം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. യഥാസമയം ചികിത്സ തേടണം.