കൊൽക്കൊത്ത: കൊറോണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധമുയർത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രിമാർ പാവകണക്കിന് ഇരിക്കുകയാണെന്നും മമത വിമർശിച്ചു. പത്ത് സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാരുമായാണ് മോദി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്. മുഖ്യമന്ത്രിമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ബംഗാളിൽ നിന്നുള്ള ജില്ലാ കലക്ടർമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം മമത ബാനർജി തന്നെയാണ് പങ്കെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചില മുഖ്യമന്ത്രിമാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കിയ പ്രധാനമന്ത്രി തങ്ങളെ അവഹേളിച്ചു.
കൊറോണ സാഹചര്യം മെച്ചപ്പെട്ടുവെന്ന് മോദി പറയുന്നു. എന്നാൽ എങ്ങനെയാണ് ദിനംപ്രതി നിരവധി ആളുകൾ മരിച്ചുവീഴുന്നതെന്നും മമത ചോദിക്കുന്നു.
കേന്ദ്രം ഇപ്പോഴും രാഷ്ട്രീയം കളിക്കുകയാണ്. ബംഗാളിനോടുള്ള അവരുടെ ചിറ്റമ്മ നയം ദൗർഭാഗ്യകരമാണ്. അവരെ ചോദ്യം ചെയ്യാൻ താൻ ആഗ്രഹിക്കുകയാണ്. യു.പിയിലേക്കും ബിഹാറിലേക്കും എത്ര കേന്ദ്ര സംഘങ്ങൾ പോയി. എന്നിട്ടും ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ-മമത വിമർശിച്ചു.
സംസ്ഥാനങ്ങളിലെ മരുന്നുകളുടെയും വാാക്‌സിന്റേയും റെംഡെസീവിർ, ഓക്‌സിജൻ സാഹചര്യമൊന്നും മോദി ഞങ്ങളോട് ചോദിച്ചില്ല. ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർക്കാർക്കും സംസാരിക്കാൻ അവസരം നൽകാത്തത് മോശമായാണ് തനിക്ക് തോന്നിയത്. അപമാനിക്കപ്പെട്ടവരായാണ് ഞങ്ങൾ മുഖ്യമന്ത്രിമാർക്ക് തോന്നിയത്. യോഗം പൂർണ്ണ പരാജയമാണെന്നും മമത പ്രതികരിച്ചു. വീഡിയോ കോൺഫറൻസ് അവസാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.
”പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതുമില്ല. പ്രധാനമന്ത്രിയുടെ ഒരു ചെറിയ പ്രസംഗത്തോടെ യോഗം അവസാനിച്ച’ മമത കുറ്റപ്പെടുത്തി.
ഇതോടെ ബിജെപിയും മമതയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പിന് മുന്‍പ് ശാരദ ചിട്ടികേസുമായി ബന്ധപ്പെട്ട് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിനേയും മമതാ ബാനര്‍ജിയേയും വേട്ടയാടി എങ്കില്‍ നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ടാണ് ബിജെപി തൃണമൂലിനേയും മമതയേയും ഇപ്പോൾ പിന്തുടരുന്നത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ആകില്ലെന്ന നിലപാടുമായി മമതയും ഒപ്പത്തിന് ഒപ്പം നീങ്ങുകയാണ്. നാരദാ ഒളിക്യാമറ വിവാദത്തില്‍ തൃണമൂല്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാരടക്കം നാല് പേരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂറോളം മമതാ ബാനര്‍ജി സിബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി.
ഇതിന് പിന്നാലെ സിബിഐ പ്രത്യേക കോടതി ജാമ്യം ഇവരെ വിട്ട് അയച്ചെങ്കിലും അര്‍ധരാത്രിയോടെ കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കി. അതേസമയം ഇതേ കേസില്‍ പ്രതികളായ ബിജെപി എംഎല്‍എമാരായ സുവേന്ദു അധികാരി , മുകുള്‍ റോയ് എന്നിവരെ അറസ്റ്റ് ചെയ്തില്ല. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ പകരം വീട്ടുകയാണെന്ന തരത്തിലുള്ള ആരോപണവുമായി മമത രംഗത്തെത്തിയിരുന്നു.