സഗൗരവം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പിണറായി വിജയൻ അധികാരമേറ്റു; ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി റോഷി അഗസ്‌ററിനും കെ കൃഷ്ണന്‍കുട്ടിയും

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി രണ്ടാം തവണയും വിജയിച്ച ഇടതു സര്‍ക്കാരിന്റെ അമരക്കാരനായി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മുഖ്യമന്ത്രിയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊല്ലി കൊടുത്തു.

മുഖ്യമന്ത്രിക്ക് ശേഷം സിപിഐയിലെ കെ രാജനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ഇദ്ദേഹവും സഗൗരവമാണ് സത്യവാചകം ചൊല്ലിയത്.

മൂന്നാമതായി എത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഘടകക്ഷി നേതാക്കളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മറ്റു മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

തിരുവനന്തപുരെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയില്‍ ഉച്ചയ്ക്ക് 2.45ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. നവകേരള ഗീതാഞ്ജലിയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. 3.30 ഓടെ ഗവര്‍ണര്‍ വേദിയിലേക്ക് എത്തി, തൊട്ടുപിന്നാലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.

കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.

രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞ് സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം നടക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.