ഔറംഗാബാദ്: കൊറോണ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കടത്തിയ യുവാവിനെയും ബന്ധുക്കളെയും കൈയോടെ പിടികൂടി പോലീസ്. സംഭവം അറിഞ്ഞ ആശുപത്രി അധികൃതർ പരാതി നൽകി. തുടർന്ന് പൊലീസ് യുവാവിനെയും സഹായികളായ മൂന്നുപേരെയും പിടികൂടി. മൃതദേഹം തിരികെ ആശുപത്രിയിലെത്തിച്ചു. ഇവർക്കെതിരേ പകർച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുത്തു.
കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ഭാര്യയുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനാണ് യുവാവ് മൃതദേഹം ആശുപത്രിയിൽനിന്ന് കടത്തിയത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ആശുപത്രിയിലാണ് അധികൃതരെയും പൊലീസിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കിയ സംഭവം നടന്നത്. ഗെവ്റായി താലൂക്ക് സ്വദേശിയായ 38കാരനാണ് കൊറോണ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കടത്തിയത്. ഏപ്രിൽ 23നാണ് ഇയാളുടെ ഭാര്യയെ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ യുവതി തിങ്കളാഴ്ച രാവിലെ മരിച്ചു.
തുടർന്ന് കൊറോണ പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് ആശുപത്രി അധികൃതർ തുടക്കമിടുന്നതിനിടെയാണ് യുവതിയുടെ ഭർത്താവ് തടസ്സവുമായി രംഗത്തെത്തിയത്. മൃതദേഹം വീട്ടുകാർക്ക് വിട്ടുതരണമെന്നും നാട്ടിലെത്തിച്ച് കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സംസ്കരിക്കണമെന്നുമാണ് ഇയാൾ ആവശ്യമുന്നയിച്ചത്.
രണ്ട് ദിവസം മുമ്പ് നടത്തിയ ആന്‍റിജെൻ ടെസ്റ്റിൽ ഭാര്യ നെഗറ്റീവാണെന്നതാണ് മൃതദേഹം വിട്ടുനൽകുന്നതിനുള്ള കാരണമായി ഇയാൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കൊറോണ പ്രോട്ടോകോൾ പ്രകാരം മൃതദേഹം നാട്ടിൽ സംസ്കരിക്കാനാകില്ലെന്ന്ആശുപത്രി അധികൃതർ നിലപാടെടുത്തു.
ആശുപത്രി ജീവനക്കാർ ജോലിത്തിരക്കിലായതോടെ യുവാവ് മൂന്ന് ബന്ധുക്കളുടെ സഹായത്തോടെ ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കടത്തുകയായിരുന്നു. മോർച്ചറിയിലേക്ക് മാറ്റാനായി ജീവനക്കാരൻ വാർഡിൽ എത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർക്കുവേണ്ടി നഴ്സ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഒരുമണിക്കൂറിനുള്ളിൽതന്നെ യുവാവിനെയും ബന്ധുക്കളെയും കണ്ടെത്തി മൃതദേഹം വീണ്ടെടുത്ത് ആശുപത്രിയിൽ തിരികെ എത്തിച്ചു.