തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസിൽ അവശ്യ വിഭാഗങ്ങൾക്ക് യാത്രാനുമതി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യപ്രവർത്തകർക്ക് വേണ്ടി മാത്രമായിരുന്നു കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തിയിരുന്നത്.
ആരോഗ്യപ്രവർത്തകർക്ക് പുറമെ, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജീവനക്കാർ ഉൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ജീവനക്കാർക്കും സ്പെഷ്യൽ സർവീസ് ബസുകളിൽ യാത്ര ചെയ്യാം. കൂടാതെ പോലീസ് ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ളവർ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള വോളണ്ടിയർമാർക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസിൽ യാത്ര ചെയ്യാനാകുമെന്നും സിഎംഡി അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് ജില്ലകളിലേക്ക് ദിവസേന ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത്തരം ഉദ്യോഗസ്ഥർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.