കൊച്ചി: സത്യപ്രതിജ്ഞയ്ക്കെതിരായ ഹർജിയിൽ സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. ചടങ്ങിൽ 500 പേരെയാണ് ക്ഷണിച്ചതെങ്കിലും 400ൽ താഴെ ആൾക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു.
500 പേരെയാണ് ക്ഷണിച്ചത്. എന്നാൽ എംഎൽഎമാർ,ന്യാധിപന്മാർ എന്നിവർ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ നടത്തുന്നത് എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ നടപടി കൊറോണ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ.കെ.ജെ. പ്രിൻസാണ് ഹർജി നൽകിയത്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.