കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി വൈഎം സി എയുടെ 543 യൂണിറ്റുകൾ; ‘ മന്നചലഞ്ച് 2021 ‘ പദ്ധതി തുടങ്ങി

തിരുവനന്തപുരം: കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായമെത്തിക്കാൻ വൈഎംസിഎ രംഗത്ത്. തെരുവിൽ അലയുന്നവർ, അനാഥർ, നിർധന രോഗികൾ, വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്നവർ എന്നിവരെ കണ്ടെത്തി സഹായം നല്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ മന്ന ചലഞ്ച് 2021 ‘ പദ്ധതിക്ക് തുടക്കമായി.

വൈഎംസിഎയുടെ 543 യൂണിറ്റുകളിലും സന്നദ്ധ സേന കമ്മ്യൂണിറ്റി സർവീസ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന പദ്ധതി വൈഎംസിഎ ദേശിയ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈഎംസിഎയിൽ നടന്ന ചടങ്ങിൽ റീജിയൻ ചെയർമാൻ ജോസ് ജിഉമ്മൻ അധ്യക്ഷത വഹിച്ചു. ദേശിയ ജനറൽ സെക്രട്ടറി ബെട്രം ദേവദാസ് മുഖ്യാതിഥിയായിരുന്നു.

ഭക്ഷണ പൊതികളുടെ വിതരണോദ്ഘാടനം നിയുക്ത ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിച്ചു. തിരുവനന്തപുരം വൈഎംസിഎ പ്രസിഡൻ്റ് ഷെവ. ഡോ.കോശി എം. ജോർജ് , പ്രൊഫ. അലക്സ് തോമസ്, വർഗ്ഗീസ് അലക്സാണ്ടർ , ഷാജി ജയിംസ് , ഡോ.റജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.