ഇന്ത്യയിൽ ഒറ്റ ദിവസം 20 ലക്ഷം കൊറോണ ടെസ്റ്റുകള്‍; ലോക റെക്കോഡെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 20 ലക്ഷം കൊറോണ പരിശോധനകൾ. ഒറ്റ ദിവസം ഇത്രയധികം പരിശോധനകൾ നടത്തുന്നത് ലോക റെക്കോഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അവകാശപ്പെട്ടു.

രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും പുതുതായി കൊറോണ ബാധിക്കുന്നതിനെക്കാൾ അധികം പേർ രോഗമുക്തി നേടുന്നത് തുടരുന്നതിനിടെയാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 20.08 ലക്ഷം പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.

ഇതോടെ കൊറോണ വ്യാപനം തുടങ്ങിയതിനുശേഷം ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 32 കോടി കടന്നു. 3,89,851 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ മുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,19,86,363 ആയി. 86.23 ശതമാനമാണ് ദേശീയ തലത്തിലെ രോഗമുക്തി നിരക്ക്.