തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മൂന്ന് മന്ത്രിമാര്‍ വീതം. വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് മന്ത്രിമാരില്ല.
തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ മന്ത്രിമാരാകും. കോഴിക്കോട് നിന്ന് പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും തൃശൂരില്‍ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ രാജന്‍ എന്നിവര്‍ മന്ത്രിമാരാകും. വയനാട്ടില്‍ നിന്ന് കഴിഞ്ഞ തവണയും മന്ത്രിമാരുണ്ടായിരുന്നില്ല. കാസര്‍കോട് നിന്ന് ഇ ചന്ദ്രശേഖരനായിരുന്നു കഴിഞ്ഞ തവണത്തെ സിപിഐ മന്ത്രി.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗമാണ് പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്തത്. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു.