ന്യൂഡെൽഹി: കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ കുട്ടികൾക്ക് പ്രതിമാസം പെൻഷനും സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കുട്ടികൾക്ക് 25 വയസ് പൂർത്തിയാകുന്നതു വരെയാണ് പ്രതിമാസം 2,500 രൂപ വീതം നൽകുന്നത്. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയ്ക്ക് പുറമേയാണ് ഈ തുക.
ജനങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു. മരിച്ചു പോയവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ ഞങ്ങളുടെ കഴിവിൻറെ പരമാവധി ഉപയോഗിച്ച് ജനങ്ങളെ സാമ്ബത്തികമായി പിന്തുണയ്ക്കുമെന്ന് കേജരിവാൾ വ്യക്തമാക്കി.
ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള 72 ലക്ഷം പേർക്ക് ഈ മാസം 10 കിലോ സൗജന്യ റേഷൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായാണ് ഈ റേഷൻ നൽകുന്നത്. റേഷൻ ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല.