ഇടുക്കി: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ഇസ്രയേലിൽ ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം. സർക്കാരിന്റെ സഹായങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സൗമ്യയുടെ കുടുംബം പറഞ്ഞു. അവഗണനയിൽ ദുഃഖമുണ്ടെന്നും അവർ പരാതിപ്പെട്ടു.
ഇസ്രയേലിൽനിന്ന് കോൺസുലേറ്റിൽ വിളിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നു പറഞ്ഞിരുന്നു. ഇസ്രയേൽ പ്രതിനിധികൾ സൗമ്യയുടെ വീട്ടിലേക്ക് വന്നപ്പോൾ എന്തുകൊണ്ടാണ് കേരള സർക്കാരിന്റെ ആരും വരാതിരുന്നതെന്ന് ചോദിച്ചു. നിങ്ങളുടെ കാര്യത്തിൽ കേരള സർക്കാരിന് താൽപര്യമില്ലേ എന്ന അർഥത്തിലാണ് അവർ ഇത് ചോദിച്ചത്. സംസ്കാരം നടന്ന ദിവസവും സർക്കാർ പ്രതിനിധികൾ ആരും എത്തിയില്ല.
സൗമ്യയുടെ മൃതദേഹം ഡെൽഹിയിൽനിന്ന് കൊച്ചിയിലെത്തിച്ചപ്പോഴും സംസ്കാരത്തിനായി എത്തിച്ചപ്പോഴും സർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കുടുംബവും സമാനമായ ആരോപണം ഉന്നയിച്ചത്.
മൃതദേഹം കൊച്ചിയിലെത്തിച്ചപ്പോൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസും പിടി തോമസ് എംഎൽഎയും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. സൗമ്യയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുൻപ് മന്ത്രി എം.എം. മണിയും റോഷി അഗസ്റ്റിൻ എം.എൽ.എയും കുടുംബത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
എന്നാൽ സംസ്കാര ചടങ്ങിലോ ശേഷമോ സർക്കാർ പ്രതിനിധികൾ ആരും എത്തിയിട്ടില്ല. ഒരു വിഭാഗത്തെ ഭയന്നാണ് സർക്കാർ ഇതിൽനിന്ന് പിന്നോട്ടുപോയതെന്നും ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.