കൊല്‍ക്കത്ത്: നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അര്‍ധ രാത്രിയൊടെയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നേതാക്കാളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയായിരുന്നു ഇന്നലെ രാവിലെ അറസറ്റ് ചെയ്തത്.
2014ല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി ഒരു കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എന്നാല്‍ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങളായിരുന്നു ബംഗാളില്‍ അരങ്ങേറിയത്. മന്ത്രിമാരുടെ അറസ്റ്റിനെ തുടര്‍ന്ന് സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ആറുമണിക്കൂറോളം ഓഫീസില്‍ പ്രതിഷേധിച്ചു.
നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തന്നെ അറസ്റ്റുചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ പ്രതികാര നടപടിയാണെന്നും മമത ആരോപിച്ചിരുന്നു. ഫിര്‍ഹാദ് ഹക്കീം ഉള്‍പ്പെടെ മന്ത്രി സുഭ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മധന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് മുന്‍പ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ മമത സിബിഐ ഓഫീസില്‍ നിന്നും പിന്‍വാങ്ങി മണിക്കൂറുകള്‍ക്കകം ആയിരുന്നു നാല് പേര്‍ക്കും ജാമ്യം ലഭിച്ചത്. അറസ്റ്റില്‍ കോടതി തീരുമാനം നല്‍കുമെന്ന പ്രസ്താവനയോടെ ആയിരുന്നു മമതയുടെ മടക്കം. എന്നാല്‍ അതേ കോടതിയാണ് ഇപ്പോള്‍ നാല് നേതാക്കളുടേയും ജാമ്യം റദ്ദാക്കിയത്.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തതെന്നും വേണമെങ്കില്‍ സിബിഐയ്ക്ക് തന്നെയും അറസ്റ്റ് ചെയ്യാമെന്നും മമത പറഞ്ഞിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സിബിഐയെ ഉപയോഗിച്ച് ബിജെപി പകവീട്ടുകയാണെന്നും മമത ആരോപിച്ചു. മമതയ്‌ക്കൊപ്പം സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ഇവര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ആരെയും അനാവശ്യമായി കസ്റ്റഡിയില്‍ വെയ്ക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സിബിഐയുടെ നടപടിയെന്ന് ടിഎംപി എംപി കല്ല്യാണ്‍ ബാനര്‍ജിയും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ ടിഎംസി നേതാക്കളുടെ അപേക്ഷ പരിഗണിച്ച കൊല്‍ക്കത്തയിലെ ബാങ്ക്ഷാള്‍ കോടതി വെര്‍ച്വലായി വാദം കേള്‍ക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.