സിംഗപ്പൂര്‍: ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം വന്ന കൊറോണ വൈറസ് സിംഗപ്പൂരില്‍ സ്ഥിരീകരിച്ചതോടെ ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്. ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വകഭേദം അടക്കം ജനിതക മാറ്റം വന്ന പുതിയ കൊറോണ വൈറസുകൾ കുട്ടികളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കൊറോണ വകഭദേങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും സിംഗപ്പൂര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
സിംഗപ്പൂരില്‍ ഏതാനും നാളുകളായി കൊറോണ നിയന്ത്രണ വിധേയമായിരുന്നു. മാസങ്ങളോളം ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കൊറോണയുടെ പ്രാദേശിക വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബുധനാഴ്ച മുതല്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ജൂനിയര്‍ കോളജുകളും അടച്ചിടാനാണ് തീരുമാനിച്ചത്. സ്‌കൂള്‍ അധ്യയനം മെയ് 28ന് അവസാനിക്കുകയാണ്. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.
പുതുതായി 38 കൊറോണ കേസുകളാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ടുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കുട്ടികള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ട്യൂഷന്‍ സെന്ററുകളില്‍ നിന്നാകാം കുട്ടികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 എന്ന കൊറോണ വകഭേദമാണ് കുട്ടികളെ കൂടുതലായി ബാധിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചില വകഭേദങ്ങള്‍ കൂടുതല്‍ മാരകമാണ്. എന്നാല്‍ കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തായ്‌വാനിലും കൊറോണ വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.