ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ എത്തുന്നത് സിംഗപ്പൂരിൽ നിന്നായിരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കുട്ടികളെ ‘ആയിരിക്കും ഈ ഈ വകഭേദം ഏറെ മാരകമായി ബാധിക്കുക. സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തി വയ്ക്കണമെന്നും കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഊർജിതപ്പെടുത്തണമെന്നും കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതാണെന്നും അതിനെ നേരിടാൻ കഴിയത്തക്ക വിധം വാക്‌സിൻ നവീകരിക്കുകയാണ് വേണ്ടതെന്നും സർക്കാരിന്റെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേശകൻ വിജയ് രാഘവൻ പറഞ്ഞു. മുതിർന്നവർക്ക് വാക്‌സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗം കാര്യമായ പ്രത്യാഘാതം അവരിൽ ഉണ്ടാക്കില്ല.
പുറത്തുപോയി വരുന്ന മുതിർന്നവരിൽ നിന്നും പകരുന്ന മൂന്നാം തരംഗ കൊറോണ കുട്ടികളെ തളർത്തുമെന്നാണ് നാരായണ ഹെൽത്ത് ആശുപത്രി കാർഡിയാക് സർജനും മേധാവിയുമായ ഡോ. ദേവി ഷെട്ടിയുടെ അഭിപ്രായം. അമേരിക്കയടക്കം മിക്ക രാജ്യങ്ങളും കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകി. ഇന്ത്യയിൽ കോവാക്‌സിൻ 2-18നുമിടയിലുള്ളവരിൽ പരീക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ മേയ് 13ന് അനുമതി നൽകിയിരുന്നു.
അതേസമയം ദേശീയ തലസ്ഥാനത്ത് കൊറോണ രോഗികളുടെ പ്രതിദിന എണ്ണവും മരണവും ഗണ്യമായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 28,000 വരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,000ൽ താഴെയാണ് പ്രതിദിന രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89% ആയി കുറഞ്ഞിട്ടുണ്ട്.