സംസ്ഥാനത്ത് കാറ്റും മഴയും ഇന്നും തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത്

തിരുവനന്തപുരം: അറബി കടലില്‍ രൂപംകൊണ്ട ന്യൂന മര്‍ദ്ദത്തെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ മഴയും കാറ്റും ഇന്നും തുടരും. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെമുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 23 വരെ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു.

ചുഴലിക്കാറ്റ് കേരളതീരത്തുനിന്ന് അകന്നെങ്കിലും ഇതിന്റെ സ്വാധീനം ഇന്നു വരെ തുടരുമെന്നതിനാല്‍ കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ മുന്നറിയിപ്പുകളുമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറി. ഇന്ന് 185 കിലോമീറ്റര്‍വരെ വേഗത്തില്‍ ചുഴലിക്കാറ്റ് വീശും എന്നാണ് കരുതുന്നത്. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തും. ഗുജറാത്ത്, ദിയു തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.