തമിഴ്‌നാട്ടില്‍ സ്റ്റാലിൻ്റെ നേതൃത്വത്തിൽ 14അംഗ കൊറോണ ഉപദേശക കമ്മിറ്റി ; ഭൂരിഭാഗവും പ്രതിപക്ഷ എംഎല്‍എമാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ഉപദേശക കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 14അംഗ കമ്മിറ്റിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എംഎല്‍എമാരാണ് ഭൂരിഭാഗവും. ഒമ്പതു പേർ.

കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. മുന്‍ ആരോഗ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി. വിജയഭാസ്‌കര്‍, ജി.കെ മണി (പി.എം.കെ), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സുസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്.എസ് ബാലാജി (വി.സി.കെ), ഡോ. ജവഹറുള്ള (എം.എം.കെ), ആര്‍ ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുഗന്‍ (ടി.വി.കെ), പൂവൈ ജഗന്‍ മൂര്‍ത്തി (പി.ബി) എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

എം.കെ സ്റ്റാലിന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഡോ. ഏഴിലന്‍ (ഡി.എം.കെ), മണിരത്‌നം (കോണ്‍ഗ്രസ്), നാഗൈ മലി (സി.പി.ഐ.എം), ടി. രാമചന്ദ്രന്‍ (സി.പി.ഐ) എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ദിവസവും കമ്മിറ്റി വിലയിരുത്തും.

അതേ സമയം കൊറോണയിൽ നിന്ന്​ രക്ഷ നേടാനായി ​ഡോക്​ടറുടെ നിർദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന്​ തമിഴ്​നാട്​ ആരോഗ്യമന്ത്രി മാ സുബ്രഹ്​മണ്യൻ. ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത്​ ശ്വാസകോശത്തിന്​ കേട്ട വരുത്തുക മാത്രമാണ്​ ചെയ്യുകയെന്നും അദ്ദേഹം​ മുന്നറിയിപ്പ്​ നൽകി.

റെയിൽവെ പൊലീസ് ആവി പിടിക്കുന്നതിനായി സെൻ‌ട്രൽ‌ റെയിൽ‌വെ സ്റ്റേഷനിൽ‌ നിരവധി നെബുലൈസറുകൾ‌ സ്ഥാപിച്ചിട്ടുണ്ട്. ഒരേ നെബുലൈസർ പലരും ഉപയോഗിക്കുന്നത്​ വൈറസ്​ ബാധയേൽക്കാൻ സാധ്യത വർധിപ്പിക്കുമെന്ന്​ ആരോപിച്ച്​ ആരോഗ്യ വിദഗ്​ധർ ഇതിനെ അപലപിച്ചുകൊണ്ട്​ രംഗത്തു വന്നു കഴിഞ്ഞു.