കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ സിബിഐ ഓഫീസിന് മുന്നിലെ കുത്തിയിരിപ്പ് സമരം ആറു മണിക്കൂർ കടന്നതോടെ നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ജാമ്യം. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.സിബിഐ പ്രത്യേക കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
2014ൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ച നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി ഒരു കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഇന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങളായിരുന്നു ബംഗാളില്‍ അരങ്ങേറിയത്. മന്ത്രിമാരുടെ അറസ്റ്റിനെ തുടര്‍ന്ന് സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ആറുമണിക്കൂറോളം ഓഫീസില്‍ പ്രതിഷേധിച്ചു.
നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ തന്നെ അറസ്റ്റുചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിന്റെ പ്രതികാര നടപടിയാണെന്നും മമത ആരോപിച്ചിരുന്നു. ഫിർഹാദ് ഹക്കീം ഉൾപ്പെടെ മന്ത്രി സുഭ്രത മുഖർജി, മുൻ മന്ത്രിമാരായ മധൻ മിത്ര, സോവൻ ചാറ്റർജി എന്നിവർക്കെതിരായ അന്വേഷണത്തിന് മുൻപ് ഗവർണർ അനുമതി നൽകിയിരുന്നു.
വൈകിട്ട് അഞ്ച് മണിയോടെ മമത സിബിഐ ഓഫീസില്‍ നിന്നും പിന്‍വാങ്ങി മണിക്കൂറുകള്‍ക്കകം ആണ് നാല് പേര്‍ക്കും ജാമ്യം ലഭിച്ചത്. അറസ്റ്റില്‍ കോടതി തീരുമാനം നല്‍കുമെന്ന പ്രസ്താവനയോടെ ആയിരുന്നു മമതയുടെ മടക്കം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തതെന്നും വേണമെങ്കില്‍ സിബിഐയ്ക്ക് തന്നെയും അറസ്റ്റ് ചെയ്യാമെന്നും മമത പറഞ്ഞു.
ബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സിബിഐയെ ഉപയോഗിച്ച് ബിജെപി പകവീട്ടുകയാണെന്നും മമത ആരോപിച്ചു. മമതയ്ക്കൊപ്പം സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. ഇവര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും ഇവരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ആരെയും അനാവശ്യമായി കസ്റ്റഡിയിൽ വെയ്ക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സിബിഐയുടെ നടപടിയെന്ന് ടിഎംപി എംപി കല്ല്യാൺ ബാനർജിയും കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ ടിഎംസി നേതാക്കളുടെ അപേക്ഷ പരിഗണിച്ച കൊൽക്കത്തയിലെ ബാങ്ക്ഷാൾ കോടതി വെർച്വലായി വാദം കേൾക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.