കൊല്ലം : കുണ്ടറയിലെയും കരുനാഗപള്ളിയിലും വോട്ടുചോർച്ചയുണ്ടായെന്ന് സി പി എം വിലയിരുത്തൽ. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോറ്റതിൽ വലിയ സംഘടനാ വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇടതുമുന്നണി വൻവിജയം നേടുകയും മറ്റ് മന്ത്രിമാരെല്ലാം ജയിക്കുകയും ചെയ്തപ്പോൾ മേഴ്സിക്കുട്ടിയമ്മ മാത്രം പരാജയപ്പെട്ടത് പാർട്ടി ഗൗരവമായാണ് കാണുന്നത്. ബിജെപിവോട്ട് മറിച്ചതാണ് കുണ്ടറയിലെ പരാജയകാരണമെന്ന് പുറമേ പറയുന്നുണ്ടെങ്കിലും എൽഡിഎഫ് വോട്ടിൽ വലിയ ചോർച്ചയുണ്ടായിട്ടുണ്ട്.
കുണ്ടറയിൽ കഴിഞ്ഞതവണത്തെക്കാൾ 7140 വോട്ടാണ് കുറഞ്ഞത്. എൻ എസ് എസ് തുടക്കത്തിലേ എതിരായിരുന്നു. ഇക്കാര്യം അറിഞ്ഞെങ്കിലും പ്രതിരോധിക്കാനോ അനുനയിപ്പിക്കാനോ ശ്രമമുണ്ടായില്ല. ബി.ജെ.പി.-യു.ഡി.എഫ്. അന്തർധാര രാഷ്ട്രീയവിഷയമായി ചർച്ചയാക്കാൻ കഴിയാതിരുന്നതും വീഴ്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു.
ഇതേ വിഷയം തൃപ്പൂണിത്തുറ മണ്ഡലത്തിൽ വലിയ ചർച്ചയാക്കാൻ സാധിച്ചിരുന്നു. പാർട്ടി ജില്ലാ, മണ്ഡലം ഘടകങ്ങൾ ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരും. ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ഏകോപനമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജില്ലാ സെക്രട്ടറി കൊറോണ ബാധിതനായി ചികിത്സയ്ക്കു പോയപ്പോൾ പകരം ചുമതല ഏൽപ്പിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമായില്ല. കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാറിനെതിരേ നടപടിക്ക് സാധ്യതയുണ്ട്. ജില്ലാ സെക്രട്ടേറിയറ്റും സെക്രട്ടറിയും മണ്ഡലങ്ങളുടെ ചുമതല വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിശദീകരണം നൽകേണ്ടിവരുമെന്നാണ് സൂചന.
ജില്ലയിൽ കഴിഞ്ഞതവണ ആകെയുള്ള 11 സീറ്റുകളിലും വിജയിച്ച കൊല്ലത്ത് ഇത്തവണ രണ്ടുസീറ്റുകൾ നഷ്ടപ്പെട്ടു. പുനലൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ വലിയ വോട്ടുചോർച്ചയുമുണ്ടായി. 29208 വോട്ടിനാണ് കരുനാഗപ്പള്ളിയിൽ തോറ്റത്. മന്ത്രിസഭാ രൂപവത്കരണം കഴിഞ്ഞ് തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചർച്ചചെയ്യും.