സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ മെയ് 20 ന്; 50000 പേരെ ഉള്‍ക്കൊള്ളുന്നിടത്ത് 500 പേര്‍ തെറ്റല്ലന്ന വിചിത്ര വാദവുമായി പിണറായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേരെ പങ്കെടുപ്പിക്കുന്നതിനെ സ്വയം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 20 ന് തിരുവനന്തപരും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. വ്യാഴാഴ്ച മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും.

സത്യാപ്രതിജ്ഞാ ചടങ്ങിന് എതിരായ വിവാദങ്ങൾക്ക് ന്യായീകരണവും മുഖ്യമന്ത്രി നടത്തി. 50000 അധികം പേരെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തില്‍ 500 പേര്‍ എന്നത് തെറ്റല്ലന്ന വിചിത്രവാദമാണ് പിണറായി പറഞ്ഞത്. ഇത്രയും പേരെ ചുരുക്കിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, എംപിമാര്‍, നൂറ്റിനാല്‍പത് മ്ണ്ഡലങ്ങളെ എംഎന്‍എമാര്‍, ചീഫ് സെക്രട്ടറി, പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍, ഭരണഘടനാ പദിവിയിലുള്ളവര്‍, എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കേണ്ടതുണ്ട്. ഇവരെല്ലാം ചേര്‍ന്നതാണ് 500 പേര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷം മുന്‍പ് നാല്‍പതിനായിരം പേരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പരിപാടിയാണ് ഇപ്പോള്‍ 500 ലേക്ക് ചുരുക്കുന്നതെന്നും അതിനാല്‍ ഇത്തരമൊരു കാര്യത്തിന് അത് ഒരു വലിയ സംഖ്യയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുമ്പോള്‍ പൊതുവേദിയില്‍ വലിയ ജന സംഖ്യയെ ഉള്‍ക്കൊള്ളിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ 2.45 ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കയ്യില്‍ കരുതണം. ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ ഡബിള്‍ മാസ്‌ക് ധരിക്കുകയും കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണം.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ജനമധ്യത്തില്‍ ആഘോഷ തിമിര്‍പ്പിലാണ് സാധാരണ നടക്കേണ്ടത്, അതാണ് കീഴ്‌വഴക്കം. കൊറോണ സാഹചര്യം കണക്കിലെടുത്താണ് പരിമിതമായ തോതില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.