ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തിന് ആശ്വാസമായി പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 4524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറാഴ്ച്ചകള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8.42 ശതമാനമായി ആണ് ടെസ്റ്റ്‌പോസിറ്റി നിരക്ക് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 340 പേരുടെ മരണം സ്ഥിരീകരിച്ചു. 53,756 സാമ്പിളുകള്‍ പരിശോധിച്ചു. 10,918 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 56,049 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 281,386 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 24,965,463 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,106 മരണങ്ങള്‍ രേഖപ്പെടുത്തി. മൊത്തം മരണങ്ങള്‍ 274,390 ആയി. 25 ദിവസത്തിനുശേഷം പുതിയ കേസുകള്‍ 300,000 ല്‍ താഴെയായി എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം ഞായറാഴ്ച 3,618,458 ആയിരുന്നു എങ്കില്‍ ഇന്ന് അത് 3,516,997 ആയി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.