ഗോമൂത്രം കൊറോണ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധ ഭേദമാക്കും; ദിവസവും ഗോമൂത്രം കുടിക്കും; അതുകൊണ്ട് കൊറോണയുമില്ലെന്ന് വിവാദ പരാമർശവുമായി പ്രജ്ഞാ സിങ് എംപി

ഭോപ്പാൽ: ഗോമൂത്രത്തിന് കൊറോണ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാൻ സാധിക്കുമെന്ന് ഭോപ്പാലിലെ ബിജെപി എം.പി. പ്രജ്ഞാ സിങ് ഠാക്കൂർ. ഗോമൂത്രം ജീവൻരക്ഷാ മരുന്നാണെന്നും അവർ പറയുന്നു. പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാൻസറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വർഷം മുമ്പ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു.

അതേ സമയം കഴിഞ്ഞ വർഷം ഡിസംബറിൽ കൊറോണ ലക്ഷണങ്ങളോടെ പ്രജ്ഞാ സിങ് ഠാക്കൂറിനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താൻ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസിൽനിന്ന് സംരക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി. എം.പിയുടെ വിവാദ പ്രസ്താവന.

ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കിൽ അത് കൊറോണ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാൻ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാൽ ഇപ്പോൾ എനിക്ക് കൊറോണയ്ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ടതില്ല. എനിക്ക് കൊറോണ ഇല്ല ഒരു പാർട്ടി പരിപാടിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞു.