Home Covid-19 കൊറോണ സ്ഥിരീകരിച്ച പിന്നാലെ രക്ഷിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു: രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കൊറോണ സ്ഥിരീകരിച്ച പിന്നാലെ രക്ഷിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു: രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

0

റാഞ്ചി: കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ടുവയസുകാരൻ മരിച്ചു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിഹാറിലെ ജാമുയി സ്വദേശികളാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെയ് പത്തിന് രാത്രി വൈകിയാണ് അവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പെട്ടെന്നാണ് ശ്വാസതടസം അനുഭവപ്പെട്ട് തുടങ്ങിയതെന്ന് മാതാപിതാക്കൾ ഡോക്ടർമാരോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു.

തൊട്ടടുത്ത ദിവസം ഉച്ചയോടെ കുട്ടിക്ക് കൊറോണ ബാധയും സ്ഥിരീകരിച്ചു. കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താൻ കഴിയാതെവന്നതോടെ ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) അധികൃതരാണ് ശവസംസ്‌കാരം നടത്തി.ആശുപത്രിയിലെ വാർഡ് ബോയ് ആണ് കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

മാതാപിതാക്കൾ രണ്ട് വയസുകാരനെ ഉപേക്ഷിച്ചു പോയകാര്യം അറിഞ്ഞതോടെയാണ് കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ തീരുമാനിച്ചതെന്ന് വാർഡ് ബോയ് രോഹിത് ബേഡിയ പറഞ്ഞു. അന്ത്യകർമം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. തന്നോട് അക്കാര്യം ആവശ്യപ്പെട്ടയുടൻ മടിച്ചുനിൽക്കാതെ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെയ് 11 ന് വൈകീട്ട് മൂന്നോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ നൽകിയ ഫോൺനമ്പറുകളിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here