ചാണകവും ഗോമൂത്രവും ഫലം കണ്ടില്ല; കൊറോണ ബാധിച്ച് മരിച്ച ബിജെപി നേതാവിന് അനുശോചനം: മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റും അറസ്റ്റിൽ

ഇംഫാൽ : കൊറോണ ബാധിച്ച് മരിച്ച ബിജെപി നേതാവിന് അനുശോചനമറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളിൽ മണിപ്പൂരിൽ മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റും അറസ്റ്റിൽ. മാധ്യമ പ്രവർത്തകനായ കിഷോർചന്ദ്ര വാങ്‌ഖെവും രാഷ്ട്രീയ പ്രവർത്തകനായ എറെൻഡ്രോ ലിച്ചോമ്പവുമാണ് അറസ്റ്റിലായത്.കൊറോണ ബാധിതനായിരുന്ന ത്രികേന്ദ്ര സിംഗ് മണിപ്പൂരിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.

കൊറോണ ബാധിതനായിരുന്ന ബിജെപി നേതാവ് പ്രൊഫ. സൈഖോം ടിക്കേന്ദ്ര സിംഗിന്റെ മരണത്തെ തുടർന്ന് ഇരുവരും ഫേസ്ബുക്കിൽ പങ്കുവെച്ച അനുശോചനക്കുറിപ്പിലെ പരാമർശങ്ങളിൽ ബിജെപി വൈസ് പ്രസിഡന്റ് ഉഷാം ദെബാൻ, ജനറൽ സെക്രട്ടറി പി പ്രേമാനന്ദ മീറ്റെയ് എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

മരണത്തിൽ അനുശോചനമറിയിച്ച് മാധ്യമപ്രവർത്തകനായ കിഷോർചന്ദ്ര ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ‘ ചാണകവും ഗോമൂത്രവും ഫലിച്ചില്ല എന്ന് എഴുതി.രാഷ്ട്രീയ പ്രവർത്തകനായ എറെൻഡ്രോയും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ‘ചാണകവും ഗോമൂത്രവും അല്ല കൊറോണയുടെ മരുന്ന്, ശാസ്ത്രവും സാമാന്യ ബോധവുമാണ്’ എന്ന് കുറിച്ചു.പോസ്റ്റുകൾക്ക് പിന്നാലെ ഇരുവരെയും മെയ് 13 രാത്രി പൊലീസ് അറസ്റ്റുചെയ്തു.

സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടത്തി, തെറ്റിദ്ധാരണയുണ്ടാക്കുക, കലാപത്തിന് പ്രേരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രസ്താവന നടത്തുക എന്നീ കുറ്റങ്ങൾക്കാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. മെയ് 17 വരെയാണ് കസ്റ്റഡി കാലാവധി.